Friday, December 30, 2011

Shaarathe Sreedevi

ഷാരത്തെ ശ്രീദേവി 

ഒരു ഫോണ്‍ കോളായിട്ടായിരുന്നു ഷാരത്തെ ശ്രീദേവി ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നത്. മമ്മയുടെ സ്കൂള്‍ ടൈം ഫ്രണ്ട്  ആയിരുന്നു ഷാരത്തെ ശ്രീദേവി... വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മയെ തേടിയെത്തിയ ആ ഫോണ്‍ കോള്‍ മമ്മയ്ക്ക് അത്ഭുതത്തെക്കാള്‍ സന്തോഷവും അംഗീകാരവും നല്‍കിയിരുന്നു. "എനിക്കും ഉണ്ടൊരു കൂട്ടുകാരി.... എന്റെ മാത്രം കൂട്ടുകാരി...... അവള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നെ ഓര്‍മിക്കുന്നു..... എന്റെ നമ്പര്‍ തേടിപിടിച്ചു എന്നെ വിളിച്ചിരിക്കുന്നു....." മമ്മ വളരെ സന്തോഷത്തിലായിരുന്നു.....

ഷാരത്തെ ശ്രീദേവി..... ഞാനിതിനു മുന്‍പ് ആ പേര് മമ്മ പറഞ്ഞു കേട്ടിട്ടില്ല.... എനിക്കുറപ്പായിരുന്നു.... ഇതിനു മുന്‍പ് മമ്മ പറഞ്ഞ പേരുകളിലൊന്നും  ഈ സുന്ദരമായ പേരില്ലായിരുന്നു. മമ്മ പോലും മറന്നു തുടങ്ങിയ പേരുകളിലൊന്നായിരുന്നു ഷാരത്തെ ശ്രീദേവി. ആ ശ്രീദേവി മമ്മയെ തേടിപിടിച്ചു വിളിച്ചപ്പോള്‍ , മമ്മ അത്ഭുതപ്പെട്ടുപോയി. സൗഹൃദം, അതെന്തെന്നറിഞ്ഞ ഒരു നിമിഷമായിരുന്നു അത് . മമ്മ ഒരു പക്ഷെ അവരെ കൂട്ടുകാരിയായി കണ്ടിരുന്നിരിക്കില്ല; അവര്‍ക്ക് പക്ഷെ മമ്മ കൂട്ടുകാരി തന്നെയായിരുന്നു. ആ സൗഹൃദം പുതുക്കല്‍  ജീവിതത്തിന്റെ മധ്യാഹ്നം പിന്നിട്ട അവരെ കുട്ടിക്കാലത്തിലേക്ക് പാളവണ്ടിയില്‍ വലിച്ചുകൊണ്ടുപോയി. മമ്മയുടെ അമ്മയുണ്ടാക്കുന്ന കായക്കൂട്ടാന്റെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ പങ്കുവച്ചു. ബാല്യകാലസുഹൃത്തിനെ കിട്ടിയ മമ്മ വളരെ സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു "അവള്‍ക്കിപ്പോഴും ഇതൊക്കെ ഓര്‍മയുണ്ട് .... എന്നെ അവള്‍ക്കിത്രയും ഇഷ്ടമായിരുന്നോ?  എന്റെ ഓരോ കാര്യവും അവള്‍ ഓര്‍ത്ത്പറയുന്നു... ചേട്ടന്മാരെ പറ്റി ചോദിക്കുന്നു....അവള്‍ എല്ലാം ഓര്‍ക്കുന്നു."  

മമ്മ എന്നോട് പറഞ്ഞു "കണ്ട മോളെ... എനിക്കും ഉണ്ട് കൂട്ടുകാരി.... നിങ്ങള്‍ക്ക് മാത്രമല്ല കോളും മെസ്സജും വരാ.... എനിക്ക് വന്ന മെസ്സേജ് കണ്ടോ.... തുരു തുരാ മിസ്സ്‌ കോള്‍ വരുന്നത് കണ്ടോ? അവള്‍ടെ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഓഫീസിലെ തിരക്കുകാരണം പറ്റുന്നില്ല.... എന്നാലും ഞാന്‍ ടൈം കിട്ടുമ്പോള്‍ സംസാരിക്കാറുണ്ട് . എന്നെ അവള്‍ കന്‍ജൂസ് എന്നാ വിളിക്കുന്നത്‌  കാരണം തിരിച്ചുവിളിക്കുന്നത്‌ പോയിട്ട് ഒരു മെസ്സേജ് പോലും ഞാന്‍ തിരിച്ചു അയക്കുന്നില്ല.... ഹ്മ്മം..... അവള്‍ക്കറിയോ ഒരു മെസ്സജിന് 5 രൂപയാണെന്ന് ? അവള്‍ക്കവിടെ ഗള്‍ഫിലിരുന്നു പറഞ്ഞാ മതി.. ഓഫീസിലെ പണി കഴിഞ്ഞാല്‍ വീട്ടിലെ പണി.... എനിക്കെവിടെയാ ഇതിനൊക്കെ സമയം? മെസ്സേജ് അയക്കാന്‍ എനിക്ക്  ഇഷ്ടമല്ല... ഇതില്‍ ടൈപ്പ് ചെയ്യുന്ന നേരം കൊണ്ട് എനിക്കവളെ വിളിച്ചു സംസാരിക്കാം.... പക്ഷെ ബാലന്‍സ് ഇല്ല...ഹ്മ്മം.....ഇതു കേട്ടപ്പോള്‍ അവളെന്റെ മൊബൈല്‍ റീചാര്‍ജ്  ചെയ്തു തന്നിട്ടുപറഞ്ഞു സമയമുള്ളപ്പോള്‍ എനിക്ക് മെസ്സേജ് ചെയ്യണം എന്ന് .... മോളിതൊന്നു മെസ്സേജ് ചെയ്തെ.... ഞാന്‍ പറയുന്നത് അത് പോലെ മലയാളത്തില്‍ ടൈപ്പ് ചെയ്യ് "

മമ്മ പറഞ്ഞതൊക്കെ ഞാന്‍ ചെയ്തു കൊടുത്തു.... അവരുടെ സൗഹൃദം മാറിയിരുന്നു കണ്ടിരിക്കാന്‍ എനിക്ക് തോന്നി.... മമ്മയുടെ സന്തോഷം കണ്ടിട്ടോ അതോ പെട്ടെന്നുള്ള ഈ സൗഹൃദം പുതുക്കലോ, എന്തോ എന്തെന്നറിയില്ല എന്നിലെ സംശയരോഗി ഉണര്‍ന്നു.. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടാന്‍ തുടങ്ങി. 

ഷാരത്തെ ശ്രീദേവി ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നു. അവിടെ നേഴ്സ്  ആയി ജോലി നോക്കിയിരുന്നു ആദ്യകാലത്ത് . ഇപ്പോള്‍ സ്വന്തമായി ഒരു ക്ളിനിക് ഗള്‍ഫില്‍ നടത്തുന്നു. ഒറ്റ മകള്‍ വിവാഹം കഴിഞ്ഞു ചെന്നൈയില്‍ ജോലി ചെയ്യുന്നു. ഇഷ്ടം പോലെ പണം, പദവി.... പക്ഷെ ഒറ്റപ്പെടലിന്റെ വേദന.... അതാണ്‌ കൂട്ടുകാരിയെ തേടിയുള്ള ഫോണ്‍ കോളിന്  പിന്നിലെ രഹസ്യം. എന്നത്തേയും പോലെ ഞാന്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി... അതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കുണ്ടായിരുന്നു.... ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കണ്ടാല്‍ മാത്രം മതി..... കാത്തിരിക്കാന്‍ ഞാന്‍ തയ്യാര്‍ ...... ഞാന്‍ എന്റെ ഫിലോസഫിയുമായി മുന്നോട്ടു പോകാന്‍ തയ്യാറായി. നമ്മുടെ ജീവിതത്തില്‍ ചില ആള്‍ക്കാര്‍ അങ്ങനെയാണ് ; സമയമാകുമ്പോള്‍ നമ്മെ തേടിപിടിച്ചു വരും.... അത് എത്ര തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചാലും മാറിപ്പോകില്ല... എന്റെ കൊച്ചു ജീവിതത്തില്‍ നിന്നും പഠിച്ച പാഠം.....

ഷാരത്തെ ശ്രീദേവി ഒരു സംഭവമായി വീട്ടിലും ഓഫീസിലും അരങ്ങേറി.... മമ്മ സൌഹൃദത്തിന്റെ ലോകത്താണ് .... മമ്മയെ ആ വഴിക്ക് വിടാന്‍ ഞങ്ങളും തീരുമാനിച്ചു.... ഷാരത്തെ ശ്രീദേവി ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി... ദിനം പ്രതി പുതിയ പുതിയ വിശേഷങ്ങള്‍ മമ്മ വഴി ഞാനറിഞ്ഞു കൊണ്ടേയിരുന്നു. മമ്മയുടെ നമ്പര്‍ ശ്രീദേവിക്ക്  കൊടുത്ത ആള്‍ പറഞ്ഞറിഞ്ഞു ഷാരത്തെ ശ്രീദേവി ഇതിനു മുന്‍പ് ആത്മഹത്യ ശ്രമം നടത്തിയിരുന്നു എന്ന് . മമ്മ അതിന്റെ കാര്യങ്ങള്‍ ശ്രീദേവിയോട് തന്നെ ചോദിച്ചറിഞ്ഞു. ജീവിത സായാഹ്നങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യര്‍ക്കുണ്ടാകുന്ന താളപ്പിഴകള്‍ ..... എന്റെ മമ്മയില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്‌...... .. നല്ല രീതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്യും..... നല്ല ഒരു കൌണ്‍സിലര്‍ കൂടിയാണ് മമ്മ.... എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് എനിക്കത് ഉറപ്പിച്ചുപറയാം.. 

ഒരാഴ്ച കഴിഞ്ഞുകാണും... ഒരു ദിവസം വൈകീട്ട്  മമ്മയും ഒന്നിച്ചു ബസ്‌ കയറാന്‍ നില്‍കുമ്പോള്‍ , പെട്ടെന്ന്  മമ്മ പറഞ്ഞു "എന്റെ ദേവി ഹോസ്പിറ്റലില്‍ ആണ് .... അവന്‍ ..ആ ദുഷ്ടന്‍ അവളെ അടിച്ചു ഇഞ്ചപരുവത്തിലാക്കി.... ഐസിയുവിലാണ് ...."  
"എനിക്കപ്പോഴെതോന്നി " ഞാന്‍ പറഞ്ഞു.
കൂടുതലൊന്നും ഞാന്‍ പറഞ്ഞില്ല; മമ്മയും. സംഭവിക്കാനുള്ളതു സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ  സംഭാവിക്കാനിരുന്നത് ? ഇത്ര കൊണ്ട് നിന്നാല്‍ അത്രയും നല്ലത് . എനിക്കത്രയെ തോന്നിയുള്ളൂ അപ്പോള്‍ .. എന്റെ ചിന്തകള്‍ക്ക് കനം വച്ചുതുടങ്ങിയിരുന്നു. പിടിച്ചുനിര്‍ത്താന്‍ എനിക്ക് കഴിയാതെ വന്നപ്പോള്‍ മമ്മയുടെ വാക്കുകള്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണായി. "ന്റെ ദേവി ഹോസ്പിടലിന്നു ഇറങ്ങട്ടെ.... അവനെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട് ..... അവളെനിക്കു മെസ്സേജ് അയച്ചിരുന്നു - ആ ദുഷ്ടന്‍ എന്നെ കൊല്ലുമെന്ന് .. പിന്നെ ഞാന്‍ വിളിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ട്‌ ഓഫ്‌  ആയിരുന്നു. ഇന്ന് ആ കുട്ടി വിളിച്ചാണ് ഈ വിവരം അറിയിച്ചത് ..... ദേവി പറയാറുണ്ട്‌ അവനൊരു സാഡിസ്റ്റ് ആണെന്ന് .. മുന്‍പത്തെ ആ ആത്മഹത്യ ശ്രമം അത് എന്റെ ദേവി ചെയ്തതല്ല.... അവന്‍ അവള്‍ടെ ദേഹത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു രസിച്ചതാ.... അവള്‍ടെ വെളുത്ത ശരീരത്തില്‍ നിന്നും ചോര വരുന്നത്  കാണുന്നതാണ് അവന്റെ വിനോദം." പിന്നെയും മമ്മ ദേവിയുടെ ഭര്‍ത്താവിന്റെ ക്രൂരവിനോദത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. 

ഷാരത്തെ ശ്രീദേവിക്ക്  ഒരുപാട് പണം ഉണ്ട് .... പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം തികഞ്ഞ സ്നേഹമുള്ള ഒരു ഭര്‍ത്താവുമുണ്ട് ; ഏക മകള്‍ വിവാഹം കഴിഞ്ഞു സന്തോഷമായി ജീവിക്കുന്നു. ഗള്‍ഫിലെ നേഴ്സ് ഉദ്യോഗം നല്ല ബാങ്ക് ബാലന്‍സ് ആയി കിടക്കുന്നു. പോരാത്തതിന് ഇപ്പോള്‍ സ്വന്തം ക്ളിനിക്: അതിന്റെ എം ഡി സ്ഥാനവും വഹിക്കുന്ന , ഒരുപാട് അധികാരമുള്ള ഒരു സ്ത്രീ. ആര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന ഒരു രൂപം. എന്നാല്‍ പുറത്തെ അധികാരവും പദവിയും ഒന്നും തന്നെ അവരുടെ കുടുംബജീവിതത്തില്‍ ഇല്ലായിരുന്നു. സ്വന്തം സമ്പാദ്യത്തിന്റെ ബാങ്ക്  അക്കൗണ്ട്‌  പോലും ജോയിന്റ് . ദേവി അറിയാതെ അയാള്‍ പണം പിന്‍വലിച്ചിരുന്നു. ബിസിനസ്‌ ട്രിപ്പ്‌ എന്ന്‌ പറഞ്ഞു  പോയിരുന്നത് ഫിലിപ്പിനീ ഗേള്‍ഫ്രണ്ടിനെ കാണാന്‍ . ബിസിനസ്‌ ട്രിപ്പ്‌ കഴിഞ്ഞുവന്ന അയാളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയത് മമ്മയുടെ നമ്പര്‍ കൊടുത്ത കുട്ടിയേയും കൊണ്ട് ; ആ കുട്ടിയവരുടെ ക്ളിനികില്‍ പാര്‍ട്ട്‌ ടൈം ഡ്രൈവര്‍ കം ഓള്‍ ഇന്‍ ഓള്‍  ആയി വര്‍ക്ക്‌ ചെയ്യുന്നു. ആ കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വളരെ സ്നേഹപൂര്‍വ്വം അവരുടെ വില്ലയില്‍ തിരിച്ചെത്തി. അന്ന് രാത്രി അയാള്‍ തന്റെ ഫിലിപ്പീനി ഗേള്‍ഫ്രണ്ടും അവളുടെ ആങ്ങളമാരെയും കൂട്ടിവന്ന്  ദേവിയെ അടിച്ചടിച്ച് എല്ലാ സ്വത്തുക്കളും എഴുതിവാങ്ങി. രാത്രി വൈകി ആ കുട്ടിയ്ക് ഒരു കോള്‍ വന്നു; അയാളുടെ "നാളെ മുതല്‍ നീ ക്ളിനിക് തുറക്കണ്ട.... ഞാന്‍ അത് അടച്ചിടാന്‍ പോവുകയാണ് ". കുറച്ചു കഴിഞ്ഞു ദേവിയുടെ കോള്‍ വന്നപ്പോള്‍ ആ കുട്ടി അത് അറ്റന്‍ഡ് ചെയ്തു , പക്ഷെ നേര്‍ത്ത ഞരക്കങ്ങളല്ലാതെ മറ്റൊന്നും കേള്‍ക്കാനായില്ല. സംഗതി പന്തിയല്ല എന്നുകണ്ട കുട്ടി അവരുടെ വില്ലെയില്‍ എത്തി തന്റെ കൈവശം ഉണ്ടായിരുന്ന കീ ഉപയോഗിച്ച് ഡോര്‍ തുറന്നു. അവിടെ വെറും നിലത്തു ഒരു നൂല്‍ബന്ധം പോലുമില്ലാതെ  രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്ന മാഡത്തിനെയാണ്  അവന്‍ കണ്ടത് .  അവിടെ നിന്നും ഹോസ്പിടല്‍ വരെയെത്തിച്ചത് മറ്റൊരു കഥ. എന്റെ മമ്മയുടെ ദേവി ഐസിയുവിലാണ് .......

മമ്മ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു....... " ന്റെ ഭഗവാനെ.... എന്റെ ദേവി എങ്ങനെയെങ്ങിലും ഹോസ്പിറ്റലില്‍ നിന്ന് തിരിച്ചു വന്നാല്‍ മതിയായിരുന്നു. ഇപ്രാവശ്യം കൂടി അവളെ സഹായിക്കണേ.... ഇത്രയ്ക്ക് സാധുവായ ഒരു സ്ത്രീയോട് എങ്ങനെ ഇതുപോലെ ചെയ്യാന്‍ തോന്നി? അവനു ആ ഫിലിപ്പിനിനെ മതിയെങ്കില്‍ ഇവളെ ഡിവോഴ്സ് ചെയ്താ പോരായിരുന്നോ? എന്തായാലും അവനു ബാങ്ക് അക്കൗണ്ടില്‍ തൊടാന്‍ പറ്റില്ല... കഴിഞ്ഞയാഴ്ച ഞാന്‍ അവളെകൊണ്ട്‌ ബാങ്കില്‍ സ്റ്റെമെന്റ്റ്‌ കൊടുപ്പിച്ചിരുന്നു - അവള്‍ടെ സൈന്‍ കൂടാതെ ആര്‍ക്കും പൈസ പിന്‍വലിക്കാന്‍ പറ്റില്ല എന്ന് " ...... പിന്നെയും മമ്മ തുടര്‍ന്നുകൊണ്ടിരുന്നു......

ഷാരത്തെ ശ്രീദേവിയ്ക്ക്  എത്രയും പെട്ടന്ന് സുഖമാവട്ടെ.... ഞാന്‍ പ്രാര്‍ഥിച്ചു. അയാളെ ഒരു പാഠം പഠിപ്പിക്കണം..... മമ്മയെ കാണാനായി മമ്മയ്കുള്ള സാധനങ്ങളും വാങ്ങി പുറപ്പെടാനിരുന്ന ദേവിയാണ് ഇപ്പോള്‍ ഐസിയുവില്‍ .......

പിറ്റേന്നു രാവിലെ ഞാന്‍ എഴുന്നേറ്റപ്പോള്‍ മമ്മ എന്നോട് ചോദിച്ചു "ഞാന്‍ ഒരു കാര്യം പറയട്ടെ?"
"എന്താ?"     
"എന്റെ ദേവി മരിച്ചു ..... അവന്‍ ...ആ ദുഷ്ടന്‍ അവളെ കൊന്നു.... അടിച്ചടിച്ച് കൊന്നു...."
എനിക്കൊന്നും പറയാനില്ലായിരുന്നു..... ഇതായിരുന്നോ ഞാന്‍ ഭയന്നിരുന്ന സംഭവം? ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല.... ഞാന്‍ ദേവി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു... ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ആന്റിയെ   കാണുവാന്‍ ഞാനും വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു.... ഇനി അവര്‍ വരില്ല.... ഒരിക്കലും.....

ഈ ജനുവരിയില്‍ അവരുടെ കേസ് കോടതിയില്‍ എടുക്കും. തന്റെ മരണ മൊഴിയില്‍ അവര്‍ വ്യക്തമായി പറഞ്ഞു "തന്നെ ഈ അവസ്തയിലാക്കിയത്  തന്റെ ഭര്‍ത്താവും അയാളുടെ ഗേള്‍ ഫ്രണ്ടും അവളുടെ ആങ്ങളമാരും ചേര്‍ന്നാണ് . തന്റെ സ്വത്തിന്മേല്‍ അയാള്‍ക്ക്‌ യാതൊരു അവകാവും ഇല്ല." ഗള്‍ഫിലെ കോടതിയിലും അവരുടെ ശിക്ഷ നടപടികളിലും ഞങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയും ഉണ്ട് .